ന്യൂഡൽഹി: നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് ക്രൈസ്തവ പുരോഹിതനെ ഫുലാനി ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഓഗസ്റ്റ് 28ന് ജോസിൽ നിന്ന് ബോക്കോസിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഭീകരർ പാസ്റ്റർ ഇമ്മാനുവൽ ഹിൽസിനെയും മറ്റൊരു പുരോഹിതനായ പാസ്റ്റർ ഗബ്രിയേൽ ദിപാകിനെയും തട്ടിക്കൊണ്ടുപോയത്. ഭർത്താവിനെ വലിച്ചിഴച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ അക്രമികൾ തന്നെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പാസ്റ്റർ ഹിൽസിന്റെ ഭാര്യ വെളിപ്പെടുത്തി.
ജോസിൽ നിന്ന് ബോക്കോസിലേക്ക് പോകുകയായിരുന്ന ക്രൈസ്തവ പുരോഹിതനും സംഘവും. ഇതിനിടെ വാഹനം ഫുലാനി ഭീകരർ തടയുകയും മൊബൈൽ ഫോണുകളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അക്രമികൾ കവരുകയും ചെയ്തു. തുടർന്ന് ക്രൈസ്തവ പുരോഹിതന്മാരാണെന്ന് തിരിച്ചറിഞ്ഞതോടെ പാസ്റ്റർ ഹിൽസിനെയും പാസ്റ്റർ ദിപാകിനെയും പ്രത്യേകം മാറ്റിനിർത്തുകയായിരുന്നു. പുരോഹിതൻമാരെ വിട്ടയക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടെങ്കിലും അക്രമികൾ ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഭർത്താവിനെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ അക്രമികളിലൊരാൾ തിരിഞ്ഞുനോക്കി, ‘നിങ്ങൾ ഇനി നിങ്ങളുടെ ഭർത്താവിനെ ജീവനോടെ കാണില്ല’ എന്ന് ഭീഷണിപ്പെടുത്തിയതായി ഭാര്യ പറഞ്ഞു. അടുത്ത ദിവസം തന്നെ പാസ്റ്റർ ഹിൽസിന്റെ മൃതദേഹം തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. എന്നാൽ പാസ്റ്റർ ഗബ്രിയേൽ ദിപാകിലെ കുറിച്ച് യാതൊരു വിവരവും ഇപ്പോഴും ലഭ്യമല്ല.
ഘാന സ്വദേശിയായ പാസ്റ്റർ ഇമ്മാനുവൽ ഹിൽസ് വണ്ടർഫുൾ ഗ്രേസ് ഓഫ് ഗോഡ് മിനിസ്ട്രിയുടെ സീനിയർ പാസ്റ്ററായിരുന്നു. ബോക്കോസ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് നൈജീരിയ (PFN)യുടെ ട്രഷററായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബോക്കോസിലെ ക്രൈസ്തവ സമൂഹത്തിൽ ആദരിക്കപ്പെട്ട നേതാവായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. പ്ലാറ്റോ സംസ്ഥാനത്ത് ക്രൈസ്തവ സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും വർധിക്കുന്നതിലുള്ള ആശങ്കകൾക്കിടയിലാണ് പുതിയ സംഭവം.















