മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ സ്കൂളിലെ ശുചിമുറിയിൽ 13കാരനായ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്.
കുനാൽ ശർമ എന്ന വിദ്യാർഥിയാണ് മരിച്ചത്. തിങ്കളാഴ്ച പതിവുപോലെ സ്കൂളിലെത്തിയ കുനാലിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. സ്കൂൾ വിട്ടശേഷം മറ്റ് വിദ്യാർഥികൾക്കൊപ്പം ഇ-റിക്ഷയിൽ വീട്ടിലേക്ക് മടങ്ങാനായിരുന്നു കുനാലിന്റെ പദ്ധതി.
കുട്ടികളെ കാത്ത് ഡ്രൈവർ സ്കൂളിന് പുറത്ത് കാത്തുനിന്നു. എന്നാൽ മറ്റ് വിദ്യാർഥികളെല്ലാം പുറത്തിറങ്ങിയിട്ടും കുനാൽ പുറത്തുവന്നില്ല. ഏകദേശം 15 മിനിറ്റോളം കാത്തിരുന്നശേഷം ഡ്രൈവർ സ്കൂൾ വളപ്പിൽ കയറി നടത്തിയ തിരച്ചിലിലാണ് ശുചിമുറിയിൽ കുനാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.















