നോയിഡ: ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സെക്ടർ 82ലെ റെസിഡൻഷ്യൽ സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. കുറിപ്പിന്റെ ഉള്ളടക്കം ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേത്ത 2007 മുതൽ 2010 വരെയാണ് ഡൽഹി ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. അന്ന് ഷീല ദീക്ഷിതായിരുന്നു ഡൽഹി മുഖ്യമന്ത്രി.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലും (MCD) അദ്ദേഹം സുപ്രധാന പദവികൾ വഹിച്ചിരുന്നു. ഡൽഹിയിലെ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ലോ-ഫ്ലോർ ബസുകൾ അവതരിപ്പിച്ച കാലഘട്ടത്തിലും അദ്ദേഹം ചീഫ് സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.















