ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ പുകഴ്‌ത്തി ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകൻ ഹഫീസ് സയീദിന്റെ മകൻ ഹഫീസ് തൽഹ സയീദ്. പാകിസ്താനിലെ ഷെയ്ഖുപുരയിൽ നടന്ന പൊതുപരിപാടിയിലാണ് തൽഹ സയീദ് അസിം മുനീറിനെ പ്രശംസിച്ച് പ്രസംഗിച്ചത്.
‘വിശ്വാസം, ഭക്തി, ജിഹാദ്’ എന്ന ആശയങ്ങൾ അസിം മുനീർ വീണ്ടും ഉയർത്തിക്കൊണ്ടുവന്നെന്നാണ് തൽഹ സയീദിന്റെ അവകാശവാദം. ഖുർആൻ മനഃപാഠമാക്കിയ വ്യക്തിയാണ് അസിം മുനീറെന്നും അത്തരമൊരു സൈനിക മേധാവിയെയും ഫീൽഡ് മാർഷലിനെയും ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇയാൾ പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഇന്ത്യക്കെതിരെയും തൽഹ സയീദ് രൂക്ഷമായ പരാമർശങ്ങൾ നടത്തി. താനും അനുയായികളും ‘ജിഹാദിനായി’ പ്രതിജ്ഞയെടുത്തവരാണെന്നും തങ്ങൾക്ക് കഴിയുന്നിടത്തോളം കാലം ഈ പോരാട്ടം തുടരുമെന്നും ഇയാൾ അവകാശപ്പെട്ടു.
ഇന്ത്യയെ പരാമർശിച്ച തൽഹ സയീദ്, മുസ്ലിങ്ങൾ 500 വർഷം ഇന്ത്യൻ ഉപഭൂഖണ്ഡം ഭരിച്ചിരുന്നുവെന്ന് പറഞ്ഞു. ഡൽഹിയിൽ ഭരണം നടത്തുന്നവർ ഡൽഹി ആരുടേതായിരുന്നുവെന്ന് മറന്നോയെന്നും ഇയാൾ ചോദിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ഹഫീസ് സയീദിനെ ഐക്യരാഷ്‌ട്രസഭ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ നിരോധിത ഭീകരസംഘടനയായിരിക്കെ, സംഘടനയുമായി ബന്ധമുള്ള വ്യക്തികൾ പാകിസ്താനിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് വീണ്ടും ചർച്ചയാകുകയാണ്. ഭീകരസംഘടനകളുമായി ബന്ധമുള്ളവർക്കും അവരുടെ ആശയങ്ങൾക്കും പാകിസ്താനിൽ ഇപ്പോഴും ലഭിക്കുന്ന പൊതുസ്വീകാര്യത സംബന്ധിച്ച ചോദ്യങ്ങളും ഇതോടെ ഉയരുന്നു.















