ന്യൂഡല്‍ഹി: ആഗോള വ്യാപാരത്തിന്റെ സുഗമമായ മുന്നേറ്റത്തിന് കടല്‍പാതകള്‍ സുരക്ഷിതമാകണമെന്നും ചരക്ക് വിതരണ ശൃംഖലകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലവിലെ ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കടല്‍പാതകളുടെ സുരക്ഷയും നാവികരുടെ സുരക്ഷയും ഉറപ്പാക്കേണ്ടത് ആഗോള വ്യാപാരത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് മോദി വ്യക്തമാക്കി. നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും നാവികരുടെ സുരക്ഷയ്‌ക്കും ഇന്ത്യ ശക്തമായ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക ജനസംഖ്യയുടെ 50 ശതമാനവും ആഗോള ജിഡിപിയുടെ 40 ശതമാനവും ആഗോള വ്യാപാരത്തിന്റെ 25 ശതമാനത്തിലേറെയും ബ്രിക്‌സ് രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള ജിഡിപി ഏകദേശം രണ്ടര മടങ്ങ് വളര്‍ന്ന കാലയളവില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ സംയുക്ത ജിഡിപി നാലര മടങ്ങോളം വര്‍ധിച്ചതായും മോദി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയേക്കാള്‍ വേഗത്തില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ സാമ്പത്തിക ശക്തി വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യയുടെ സാമ്പത്തിക, വ്യാപാര നയങ്ങള്‍ ‘റെസിലിയന്‍സ്, ഇന്നൊവേഷന്‍, കോഓപ്പറേഷന്‍’ എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയാണ് മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ വളര്‍ച്ചയുടെയും സ്ഥിരതയുടെയും ഉറപ്പ് നല്‍കുന്ന സമ്പദ്വ്യവസ്ഥയായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊര്‍ജം മുതല്‍ സാങ്കേതികവിദ്യ വരെയുള്ള മേഖലകളിലെ വിതരണ ശൃംഖലകള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കുകയും വിശ്വസനീയമാക്കുകയും ചെയ്തതായി മോദി പറഞ്ഞു. റോഡ്, റെയില്‍, തുറമുഖം, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കപ്പല്‍ നിര്‍മാണം, സെമികണ്ടക്ടര്‍, ക്വാണ്ടം ടെക്‌നോളജി, നിര്‍ണായക ധാതുക്കള്‍, ബയോടെക്‌നോളജി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും ഇന്ത്യ പുതിയ ശേഷികള്‍ വികസിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക വളര്‍ച്ചയില്‍ വനിതാ സംരംഭകരുടെ പങ്കും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ബ്രിക്‌സ് വിമന്‍സ് ബിസിനസ് അലയന്‍സ് ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നടന്ന അലയന്‍സ് യോഗത്തില്‍ ഏകദേശം 200 വനിതാ ബിസിനസ് നേതാക്കള്‍ പങ്കെടുത്തതായും വനിതാ സംരംഭകര്‍ ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കണമെന്നാണ് ലക്ഷ്യമിടുന്നതെന്നും മോദി വ്യക്തമാക്കി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ബിസിനസ് ഫോറാണ് ഇതുവരെയുള്ളതില്‍ ഏറ്റവും വലുതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പുതുമകള്‍ക്കും പുതിയ സാങ്കേതികവിദ്യകള്‍ക്കും ബ്രിക്‌സ് രാജ്യങ്ങള്‍ പ്രധാന കേന്ദ്രങ്ങളായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















