തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയിൽ നടന്ന പൊലീസ് പരിശോധനയെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയ്ഡ് നടക്കുമ്പോൾ മാധ്യമസ്ഥാപനമെന്ന പരിഗണനയിൽ പ്രത്യേക സമീപനം വേണമോ എന്ന ചോദ്യത്തിന്, സാധാരണ പൗരന്മാരുടെ വീടുകളിലും സമാനമായ പരിശോധനകൾ നടക്കാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘പോലീസ് എവിടെയായാലും കയറും. സാധാരണ പൗരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ മുറ്റത്ത് മാത്രമാണോ പോലീസ് കയറുന്നത്? സാധാരണക്കാരുടെ ഫോണുകൾ വാങ്ങിവെക്കാറില്ലേ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യത്തിന്. ‘അവരും സാധാരണ പൗരന്മാരാണ്’ എന്ന് സുരേഷ് ഗോപി മറുപടി നൽകി. റെയ്ഡിനിടെ വീടിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടക്കുന്നതും ഫോണുകൾ പിടിച്ചെടുക്കുന്നതും അസാധാരണ കാര്യമല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘അമിത് ഷായെ പിടിച്ചിറക്കിക്കൊണ്ടുപോകുന്ന ഫോട്ടോസ് ഉണ്ട്. അത് നിങ്ങൾ കണ്ടിട്ടുണ്ടോ? അതോ ഞാൻ കാണിച്ചുതരണോ? ഇവിടെയുള്ള വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ചുവാങ്ങിച്ചുവയ്‌ക്കും. അടുക്കള, കിടപ്പുമുറി തുടങ്ങിയ ഭാഗങ്ങളിലും പരിശോധന നടക്കാറുണ്ടെന്നും സീലിംഗ് ഉൾപ്പെടെയുള്ള ഇടങ്ങൾ പരിശോധിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം പരിശോധനകൾ പുതിയ കാര്യമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഇതെല്ലാം ആരംഭിച്ചതെന്ന വാദത്തെയും അദ്ദേഹം തള്ളി. കുട്ടിക്കാലം മുതൽ തന്നെ ആദായനികുതി റെയ്ഡുകൾ കണ്ടിട്ടുണ്ടെന്നും അന്നും ഇത്തരം പരിശോധനകൾ നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടർ ടിവിയിൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവെച്ചതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.















