ഏറ്റുമാനൂര്‍: കോട്ടയം അതിരമ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് സംശയാസ്പദമായ രീതിയില്‍ കറങ്ങുന്ന സംഘം രണ്ട് കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതായാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസിനൊപ്പം നാട്ടുകാരും പരിശോധന നടത്തുന്നുണ്ട്.
ബുധനാഴ്ച വൈകിട്ട് 5.30ന് ട്യൂഷന് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാറിലെത്തിയ സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘം വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതായാണ് പരാതി. ട്യൂഷന്‍ ക്ലാസില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് കാറിലുണ്ടായിരുന്ന സ്ത്രീ കുട്ടിയെ സമീപിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. സംശയം തോന്നിയ വിദ്യാര്‍ഥിനി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെ ശ്രമം പരാജയപ്പെട്ടു.
കുട്ടി തിരികെ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കാറിലുണ്ടായിരുന്ന യുവതി പുറത്തിറങ്ങിയതിന്റെ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം കാലിന് സ്വാധീനക്കുറവുള്ള മറ്റൊരു വിദ്യാര്‍ഥിനിയെയും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സംഘം സമീപിച്ചതായി പരാതിയുണ്ട്. ഇതോടെ പ്രദേശത്ത് ആശങ്ക ഉയര്‍ന്നു. നാട്ടുകാര്‍ അതിരമ്പുഴയില്‍ പ്രതിഷേധിക്കുകയും വിഷയം എംഎല്‍എ, കോട്ടയം ഡിവൈഎസ്പി, ഏറ്റുമാനൂര്‍ സിഐ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
ഇതിനിടെ സമീപത്തെ ഒരു സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയെ കാണാതായതും നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിച്ചു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയെ കാണാതായ സംഭവത്തിനും കാറിലെത്തിയ സംഘത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സംശയാസ്പദമായ വാഹനത്തെയും ആളുകളെയും കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണെന്നും പൊലീസ് അറിയിച്ചു.















