ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളും ഊര്‍ജസുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 140 കോടി ജനങ്ങളുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വൈവിധ്യമാര്‍ന്ന സ്രോതസുകളില്‍നിന്നും മാറിവരുന്ന വിപണി സാഹചര്യങ്ങള്‍ പരിഗണിച്ചുമാകും രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുകയെന്നും മന്ത്രാലയം അറിയിച്ചു.
റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ അധിക താരിഫ് ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന ബില്‍ യുഎസ് ജനപ്രതിനിധിസഭ പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. സെപ്റ്റംബര്‍ 16ന് 262-159 വോട്ടിനാണ് സഭ ബില്‍ പാസാക്കിയത്. ഇനി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചാല്‍ നിയമമാകും.
വിഷയം കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ യുഎസ് പ്രതിനിധികളുമായി ഉയര്‍ന്നതല ചര്‍ച്ചകളില്‍ ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിര്‍ദേശത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ മാത്രമല്ല, ആഗോള ഊര്‍ജവിപണിയിലും ഉണ്ടാകാനിടയുള്ളതാണെന്ന് യുഎസ് പ്രതിനിധികളെ ഇന്ത്യ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യാപാര, സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനവും യുഎസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനായി ഇന്ത്യന്‍ വ്യാപാര, വ്യവസായ സംഘടനകളുമായി സര്‍ക്കാര്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘Lindsey O. Graham Sanctioning Russia and Iran Act of 2026’ എന്ന പേരിലുള്ള ബില്‍ റഷ്യയുടെ നേതൃത്വത്തിനും ഊര്‍ജമേഖലയ്‌ക്കുമെതിരായ ഉപരോധങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം, ഉപരോധങ്ങള്‍ മറികടന്ന് എണ്ണ കയറ്റുമതി നടത്താന്‍ സഹായിക്കുന്ന കപ്പലുകള്‍ക്കെതിരെയും നടപടികള്‍ക്ക് വ്യവസ്ഥ ചെയ്യുന്നു.
റഷ്യന്‍ എണ്ണ, വാതക ആശ്രിതത്വം കുറയ്‌ക്കാന്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ താരിഫ് ചുമത്താനുള്ള അധികാരവും പ്രസിഡന്റിന് നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇറാനെതിരായ അധിക ഉപരോധങ്ങള്‍ക്കും ബില്‍ വഴിയൊരുക്കുന്നു. അതേസമയം, ബില്‍ ഇതുവരെ നിയമമായിട്ടില്ല. ട്രംപ് ഒപ്പുവച്ച ശേഷമാണ് അതിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരിക.















