ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്താനെതിരെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ. മൂന്നാം ടി20 മത്സരത്തില്‍ വെറും 30 പന്തില്‍ സെഞ്ചുറി നേടിയാണ് അഭിഷേക് റെക്കോര്‍ഡ് കുറിച്ചത്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളില്‍ നിന്നുള്ള താരത്തിന്റെ ടി20 രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. തുടക്കം മുതല്‍ അഫ്ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച അഭിഷേക് ബൗണ്ടറികളുടെയും സിക്‌സുകളുടെയും പെരുമഴ തീര്‍ത്തു. ടി20 രാജ്യാന്തര ക്രിക്കറ്റിലെ അഭിഷേകിന്റെ മൂന്നാം സെഞ്ചുറിയും കൂടിയാണിത്.
ആദ്യ ആറ് ഓവറിലും താരം റെക്കോര്‍ഡ് പ്രകടനമാണ് നടത്തിയത്. വെറും 22 പന്തില്‍ പുറത്താകാതെ 76 റണ്‍സ് നേടിയ അഭിഷേക്, പുരുഷന്മാരുടെ ടി20 രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ ആറ് ഓവറുകളില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കി. 2023ല്‍ ജിബ്രാള്‍ട്ടറില്‍ മാള്‍ട്ടയ്‌ക്കെതിരെ പോര്‍ച്ചുഗലിന്റെ കുല്‍ദീപ് ഘോലിയ നേടിയ 74 റണ്‍സ് എന്ന റെക്കോര്‍ഡാണ് അഭിഷേക് മറികടന്നത്. 25 പന്തിലായിരുന്നു കുല്‍ദീപിന്റെ 74 റണ്‍സ്.
ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2024ല്‍ എഡിന്‍ബര്‍ഗില്‍ സ്‌കോട്ലന്‍ഡിനെതിരെ ആദ്യ ആറ് ഓവറില്‍ 22 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടിയിരുന്നു ഹെഡ്.















