കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി ക്യാമ്പിന്റെ സ്ഥാനാര്‍ഥി സഞ്ചിത പ്രധാന്‍ ദെ പിന്മാറി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഞ്ചിത സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. പിന്മാറ്റത്തിന്റെ കൃത്യമായ കാരണം സഞ്ചിത പരസ്യമായി വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബര്‍ 18നാണ് സഞ്ചിത പ്രധാന്‍ ദെ കൊല്‍ക്കത്തയിലെ സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയില്‍ സുവേന്ദു അധികാരിയെ കണ്ടത്.
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ സഞ്ചിതയെ മമത ബാനര്‍ജി ക്യാമ്പ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥിത്വം പിന്മാറിയതോടെ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാന് പിന്തുണ നല്‍കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ പേരും പരമ്പരാഗത ‘പൂവും പുല്ലും’ ചിഹ്നവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് മമത ബാനര്‍ജി ക്യാമ്പിന് ‘മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരും ഫുട്‌ബോള്‍ താരത്തിന്റെ ചിഹ്നവും അനുവദിച്ചു. എതിര്‍ ക്യാമ്പിന് ‘ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരും കവറിന്റെ ചിഹ്നവുമാണ് അനുവദിച്ചത്.
ഒക്ടോബര്‍ ആറിനാണ് നന്ദിഗ്രാം, റേജിനഗര്‍ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ഒമ്പതിനാണ് വോട്ടെണ്ണല്‍. സുവേന്ദു അധികാരി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിലും ഭബാനിപൂരിലും വിജയിച്ചതിന് പിന്നാലെ നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.















