മലപ്പുറം: നിലമ്പൂരില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. ചോക്കാട് പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറില്‍ നിരവധി പേര്‍ എത്തിയിരുന്ന സമയത്താണ് പൊടുന്നനെ മലവെള്ളം ഇരച്ചെത്തിയത്. അപകടത്തില്‍ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം. ഞായറാഴ്ചയായതിനാല്‍ നിരവധി സന്ദര്‍ശകരാണ് പ്രദേശത്ത് എത്തിയിരുന്നത്. പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ കൂടുതല്‍ പേരെ അപകടത്തില്‍പ്പെടുന്നതില്‍ നിന്ന് രക്ഷിക്കാനായി.
ഒഴുക്കില്‍പ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് ഭാഗത്തുനിന്നും രണ്ടാമത്തെയാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. പാറക്കെട്ടുകളില്‍ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കരുവാരകുണ്ട് സ്വദേശി റഹീം (35), കോട്ടക്കല്‍ മാങ്ങാടന്‍ അനസ് (27), വണ്ടൂര്‍ സ്വദേശി സജാദ് (23), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിത എന്നിവരെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇവര്‍ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയായിരുന്നു.
അതേസമയം, ചേക്കാട് സ്വദേശികളായ ആറംഗ സംഘത്തിലെ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. പുഴയില്‍ കുടുങ്ങിയ നാലുപേരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. പുറ്റമണ്ണ ഞാറകണ്ടന്‍ നൗഷാദ് (37), കരുവാരകുണ്ട് പുന്നക്കാട് തച്ചുപറമ്പന്‍ ഷബീര്‍ ബാബു (40), വണ്ടൂര്‍ എലിയക്കോടന്‍ മുഹമ്മദ് സദുറുല്‍ (21), കോട്ടക്കുന്ന് കുപ്പനത്ത് ഫര്‍ഹാന്‍ (23), വണ്ടൂര്‍ ചെട്ടിയറമ്മല്‍ ചാലാര്‍ മിര്‍ദ്ദ (39), പുളിയങ്ങോട് നെല്ലിശേരി ഫിറോസ് (43) എന്നിവരാണ് രക്ഷപ്പെട്ടത്.
നിലമ്പൂര്‍ ഡിവൈഎസ്പി റഫീഖിന്റെ നേതൃത്വത്തില്‍ കാളികാവ്, പൂക്കോട്ടുംപാടം പോലീസ് സംഘങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വി. മനോജ് കുമാര്‍, അബ്ദുള്‍ കരീം എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം തിരച്ചിലില്‍ പങ്കെടുക്കുന്നത്. ചക്കിക്കുഴി വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ ദിവാകരനുണ്ണിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും നിലമ്പൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി. രാത്രി വൈകിയും തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.















