സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ മദ്യം കണ്ടെത്തിയ വീട് ആന്റോ അഗസ്റ്റിന്റേതാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവന്നു. ജിഎസ്ടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ആന്റോ അഗസ്റ്റിന്‍ നല്‍കിയ മൊഴിയില്‍ സ്വന്തം വിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത് ഇതേ വീടിന്റെ വിലാസമാണെന്നാണ് പുറത്തുവന്ന രേഖകളിലെ വിവരം. 2026 ഓഗസ്റ്റ് 3-ന് ജിഎസ്ടി കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയാണ് ആന്റോ അഗസ്റ്റിന്‍ രേഖാമൂലം മൊഴി നല്‍കിയത്.
മൊഴിയില്‍ തന്റെ പേര്, പിതാവിന്റെ പേര്, വയസ്സ്, വിലാസം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ആധാര്‍ നമ്പറും മൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മൊഴിയില്‍ നല്‍കിയ വിവരങ്ങള്‍ സത്യമാണെന്നും നിയമനടപടികളില്‍ തെളിവായി ഉപയോഗിക്കാമെന്നും സമ്മതിച്ച് ആന്റോ അഗസ്റ്റിന്‍ ഒപ്പിട്ടതായും രേഖകളില്‍ പറയുന്നു. വയനാട് വാഴവറ്റയിലെ ഇതേ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 67 ലിറ്റര്‍ മദ്യവും വൈനും പൊലീസ് പിടികൂടിയത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിച്ച ഘട്ടത്തില്‍ വീട് തന്റേതല്ലെന്ന നിലപാടാണ് ആന്റോ അഗസ്റ്റിന്‍ സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.
2020-ല്‍ വീട് ഡല്‍ഹി സ്വദേശിക്ക് കൈമാറിയെന്നും പിന്നീട് ബാങ്ക് ലേലത്തില്‍ വെച്ചപ്പോള്‍ ഭാര്യമാതാവ് ലേലത്തില്‍ സ്വന്തമാക്കിയെന്നുമാണ് ആന്റോ അഗസ്റ്റിന്‍ കോടതിയില്‍ രേഖകള്‍ ഹാജരാക്കി വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കി ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് കോടതി ജാമ്യം നിഷേധിച്ചെന്നാണ് വിവരം. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളിലും അന്വേഷണസംഘം ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഒരു നില മാത്രം നിര്‍മിക്കാന്‍ അനുമതിയുണ്ടായിരുന്ന കെട്ടിടത്തില്‍ മൂന്ന് നിലകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം.
കൂടാതെ, 2025-ലെ കെട്ടിട നികുതി ആന്റോ അഗസ്റ്റിന്‍ തന്നെയാണ് അടച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി, പഞ്ചായത്ത് രേഖകള്‍, കെട്ടിട നികുതി രേഖകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാനാണ് സര്‍ക്കാര്‍ നീക്കം.















