ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടി മാറ്റിപ്പാര്‍പ്പിക്കാന്‍ വനംവകുപ്പ്. പന്നിയാര്‍ പന്തടികളകം സ്വദേശി വിജയന്‍ (47) ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ മരിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് പണിസ്ഥലത്തെ ഷെഡില്‍ നിന്ന് രാവിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിജയന്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് മരണം. വനംവകുപ്പിന്റെ കണക്കുപ്രകാരം ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഇതുവരെ നാല് പേരും മുറിവാലന്റെ ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുവരെയും മയക്കുവെടിവച്ച് പിടികൂടി മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം.
ആനകളെ പിടികൂടുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയായി ഇവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ദേവികുളം റേഞ്ച് ഓഫീസര്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തെ നിയോഗിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡോക്ടര്‍മാരും സംഘത്തിലുണ്ടാകും. സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തോളം സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍. ദൗത്യത്തിന്റെ ആദ്യഘട്ടമായി പരിശീലനം ലഭിച്ച കുങ്കിയാനകളെ ഉടന്‍ പ്രദേശത്ത് എത്തിക്കും.
ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടിവയ്‌ക്കേണ്ട സ്ഥലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പുകളും ആരംഭിക്കും. ചിന്നക്കനാലില്‍ ഇതിന് മുമ്പും കാട്ടാനയെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കുന്ന ദൗത്യം നടന്നിരുന്നു. 2023 ഏപ്രില്‍ 29നാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടികൂടിയത്. താപ്പാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ആദ്യം പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും പിന്നീട് തിരുനെല്‍വേലി മുണ്ടന്‍തുറൈ വന്യജീവി സങ്കേതത്തിലേക്കുമാണ് മാറ്റിയത്. ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാനുള്ള പുതിയ ദൗത്യത്തിനായി വനംവകുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കുകയാണ്.















