തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ഒടി സി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ലെന്ന് പരാതി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് വെള്ളിക്കൊമ്പുകൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. നിയമസഭാ മന്ദിരത്തിന് തൊട്ടടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിലാണ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്.
ഈ മാസം 9ന് പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതലയേറ്റിരുന്നു. തുടർന്ന് സ്ട്രോങ് റൂമിലെ രജിസ്റ്റർ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിൽ തിരുവാഭരണങ്ങളുടെ പരിശോധന നടത്തിയപ്പോഴാണ് വെള്ളിക്കൊമ്പുകൾ കാണാനില്ലെന്ന് കണ്ടെത്തിയത്.
1992ൽ ഒരു ഭക്തൻ ക്ഷേത്രത്തിൽ നടയ്ക്കുവച്ചതാണ് വെള്ളിക്കൊമ്പുകൾ. ഓരോ കൊമ്പിലും 12 വീതം നീലക്കല്ലുകൾ പതിച്ചിരുന്നതായാണ് വിവരം. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള തിരുവാഭരണങ്ങളുടെ ഭാഗമായാണ് ഇവ സൂക്ഷിച്ചിരുന്നത്.
വെള്ളിക്കൊമ്പുകൾ യഥാർഥത്തിൽ നഷ്ടപ്പെട്ടതാണോ, മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സൂക്ഷിച്ചിട്ടുണ്ടോ, രേഖകളിലും രജിസ്റ്ററിലുമുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പൊരുത്തക്കേടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മിഷണർ ആർ. രജിലാലിന്റെ നേതൃത്വത്തിൽ ഈ മാസം 28ന് സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തും. സ്ട്രോങ് റൂമിലുള്ള മറ്റ് തിരുവാഭരണങ്ങളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പും പരിശോധനയ്ക്കിടെ നടത്തും.
വെള്ളിക്കൊമ്പുകൾ നഷ്ടമായിട്ടുണ്ടോ, മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സൂക്ഷിച്ചിട്ടുണ്ടോ, രേഖകളിൽ പിഴവുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടുന്നതിനും ദേവസ്വം ബോർഡ് ആലോചിക്കുന്നതായി സൂചനയുണ്ട്.
സംസ്ഥാനത്തെ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ഹനുമാൻ ക്ഷേത്രത്തിലെ സംഭവം പുറത്തുവരുന്നത്.















