ഗുവാഹത്തി: മുസ്ലിം വിവാഹങ്ങളുടെ നിർബന്ധിത രജിസ്ട്രേഷനുമായി ബന്ധപ്പെട്ട Assam Muslim Marriage Registration Rules, 2026-ന് അസം മന്ത്രിസഭ അംഗീകാരം നൽകി. നിലവിലെ രജിസ്ട്രേഷൻ സംവിധാനത്തിലൂടെയാകും ആദ്യം സേവനം ലഭ്യമാക്കുക. പിന്നീട് പഞ്ചായത്ത് തലത്തിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം.
2024ൽ അസം നിയമസഭ പാസാക്കിയ Assam Compulsory Registration of Muslim Marriages and Divorces Act-ന്റെ തുടർച്ചയായാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നത്. മുസ്ലിം വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും രജിസ്ട്രേഷൻ സംബന്ധിച്ച നടപടിക്രമങ്ങൾക്ക് വ്യക്തമായ ചട്ടക്കൂട് ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിവാഹ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം രജിസ്ട്രാർ വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്. രജിസ്ട്രേഷൻ രേഖ വിവാഹം നടന്നതിന്റെ ഔദ്യോഗിക തെളിവായി കണക്കാക്കപ്പെടും.
അതേസമയം, അരുണോദയ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ദുർഗാപൂജയ്ക്ക് മുന്നോടിയായി പ്രത്യേക സഹായവും അസം സർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബറിൽ പതിവായി ലഭിക്കുന്ന 1,250 രൂപയ്ക്ക് പകരം 1,500 രൂപ ലഭിക്കും. ഉത്സവകാലത്തെ പ്രത്യേക ആനുകൂല്യമായാണ് അധിക തുക അനുവദിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് അരുണോദയ.















