ജനീവ: ജമ്മു കശ്മീരും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും സംബന്ധിച്ച് പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ശക്തമായ മറുപടിയുമായി ഇന്ത്യ. ഇന്ത്യൻ നയതന്ത്രജ്ഞൻ ക്ഷിതിജ് ത്യാഗി ഇന്ത്യയുടെ റൈറ്റ് ഓഫ് റിപ്ലൈ വിനിയോഗിച്ചാണ് പാകിസ്താനെതിരെ പ്രതികരിച്ചത്.
ജമ്മു കശ്മീരിന്റെ ഭാഗങ്ങൾ പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും അവിടം ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന നിലപാടും ഇന്ത്യ ആവർത്തിച്ചു.
പാകിസ്താൻ സ്വന്തം കടംകേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ജനങ്ങൾക്ക് ഗുണകരമെന്ന് ക്ഷിതിജ് ത്യാഗി പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പ്രദേശം ലക്ഷ്യമിടുന്നതും അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നതും വായ്പ തിരിച്ചടയ്‌ക്കാൻ സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘പാകിസ്താന്റെ ഇരട്ടത്താപ്പ്’
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പാകിസ്താന്റെ പരാമർശങ്ങൾക്കും ഇന്ത്യ മറുപടി നൽകി. ഇന്ത്യയിൽ വലിയ മുസ്ലിം ജനസംഖ്യയുണ്ടെന്നും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ രാജ്യത്തെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളിലും പൊതുജീവിതത്തിലും പങ്കാളികളാണെന്നും ത്യാഗി ചൂണ്ടിക്കാട്ടി.
അതേസമയം, പാകിസ്താനിലെ ഹിന്ദു, സിഖ്, ക്രിസ്ത്യൻ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ഷിയ, അഹമ്മദിയ, ഇസ്മായിലി, ഹസാര വിഭാഗങ്ങൾക്കെതിരായ വിവേചനവും അദ്ദേഹം ഉന്നയിച്ചു. ന്യൂനപക്ഷ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പരാമർശിച്ചു.
കശ്മീരി പണ്ഡിറ്റുകളുടെ പലായനവും പരാമർശിച്ച് ഇന്ത്യ
1990ൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും തുടർന്ന് ഉണ്ടായ പലായനവും ഇന്ത്യ യുഎൻ വേദിയിൽ ചൂണ്ടിക്കാട്ടി. പാകിസ്താൻ പിന്തുണച്ച ഭീകരരാണ് കശ്മീരി പണ്ഡിറ്റുകളെ വീടുകളിൽ നിന്ന് പുറത്താക്കിയതെന്ന് ത്യാഗി പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ രാജ്യം തന്നെ ഇപ്പോൾ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അന്വേഷണം ആവശ്യപ്പെടുന്നതിലെ വൈരുധ്യവും ഇന്ത്യ ചൂണ്ടിക്കാട്ടി.














