കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പോലീസ് നിർദേശം നൽകി. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെയാണ് സംഭവം.
അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ കെ.ജെ. ആണ് മാധ്യമപ്രവർത്തകരോട് ധിക്കാരപൂർവ്വ നിർദേശം നൽകിയത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അദ്ദേഹത്തിന് മറുപടി പറയാൻ താൽപര്യമില്ലെന്നും എസിപി പറഞ്ഞതായി മാധ്യമപ്രവർത്തകർ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് Z+ സുരക്ഷയുണ്ടെന്നും, അതിനാൽ മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്നും എസിപി നിർദേശിച്ചു
ചോദ്യങ്ങൾ ചോദിക്കുന്നത് വിലക്കാൻ മുകളിൽനിന്ന് നിർദേശം ലഭിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘നിങ്ങൾ എന്ത് വേണമെങ്കിലും കൊടുത്തോളൂ’ എന്ന തരത്തിലായിരുന്നു എസിപി പ്രതികരിച്ചത്.
സംഭവത്തോടെ മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതുമായി ബന്ധപ്പെട്ട പോലീസ് നിയന്ത്രണം സംബന്ധിച്ച് വിവാദം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസവും മാധ്യമങ്ങളോട് പ്രതികരിച്ചില്ല
കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ എത്തിയ മുഖ്യമന്ത്രി യോഗത്തിന് ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ മാധ്യമപ്രവർത്തകർ വിവാദ വിഷയങ്ങളിൽ പ്രതികരണം തേടിയിരുന്നു.
എന്നാൽ മാധ്യമപ്രവർത്തകരോട് ‘ഞാൻ നിങ്ങളെ കാണുന്നില്ലേ’ എന്ന് പറഞ്ഞ മുഖ്യമന്ത്രി മാറിനിൽക്കാൻ ആവശ്യപ്പെട്ടു, മാധ്യമപ്രവർത്തകരെ മാറ്റാൻ പോലീസിനോട് നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര അജ്ഞാതനായ വ്യക്തി സ്പോൺസർ ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾ വിവാദമായ സാഹചര്യത്തിലാണ് ഈ സംഭവങ്ങൾ















