നഗോയ: ഏഷ്യൻ ഗെയിംസിൽ വീണ്ടും ചരിത്രം കുറിച്ച് മലയാളി ഷൂട്ടർ വിദർശ കെ. വിനോദ്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ടീം ഇനത്തിലും വെള്ളി മെഡൽ സ്വന്തമാക്കി വിദർശ. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വെള്ളി നേടിയിരുന്നു. ഇതോടെ ഒരേ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടുന്ന ആദ്യ മലയാളി ഷൂട്ടറെന്ന അപൂർവ നേട്ടത്തിലേക്ക് വിദർശ എത്തി.
കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ വിദർശ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 588 പോയിന്റ് നേടിയ താരം ഇന്ത്യൻ ടീമിന്റെ മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ചൈനയാണ് സ്വർണം നേടിയത്.
നേരത്തെ സെപ്റ്റംബർ 20ന് വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ആദ്യ വെള്ളി സ്വന്തമാക്കിയത്. എളവേനിൽ വാളറിവൻ, സോനം മസ്‌കർ എന്നിവർക്കൊപ്പമുള്ള ഇന്ത്യൻ ടീമിന് 1898.0 പോയിന്റാണ് ലഭിച്ചത്. 1904.2 പോയിന്റുമായി ചൈന സ്വർണവും 1897.1 പോയിന്റുമായി ജപ്പാൻ വെങ്കലവും നേടി.
10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ പരിശീലനം ആരംഭിച്ച് അധികകാലം കഴിയുന്നതിന് മുമ്പാണ് വിദർശ ഏഷ്യൻ ഗെയിംസ് വേദിയിൽ വെള്ളി സ്വന്തമാക്കിയത്. എന്നാൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസാണ് താരത്തിന്റെ പ്രധാന ഇനം. ഈ വിഭാഗത്തിലാണ് വിദർശ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
എൻസിസിയിലൂടെ ഷൂട്ടിങ്ങിലേക്ക്
2018ലാണ് എൻസിസിയിലൂടെ വിദർശ ഷൂട്ടിങ്ങിലേക്ക് എത്തുന്നത്. കോളജ് പഠനകാലത്ത് ആരംഭിച്ച പരിശീലനം പിന്നീട് പ്രൊഫഷണൽ കരിയറായി മാറ്റുകയായിരുന്നു. 2019 മുതൽ ഷൂട്ടിങ്ങിനെ ഗൗരവമായി പിന്തുടർന്നു. ഡൽഹിയിലാണ് പ്രധാന പരിശീലനം. കേരളത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് നാഷണൽ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിലും പരിശീലനം നടത്തിയിരുന്നു. ആര്യനാട് ചെമ്പകമംഗലം സ്വദേശിയും വട്ടിയൂർക്കാവ് ഷൂട്ടിങ് റെയ്ഞ്ചിലെ പരിശീലകനുമായ മനു എസ്. രവിയാണ് വിദർശയുടെ ഭർത്താവ്
2019ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 50 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഏക പെൺകുട്ടിയായിരുന്നു വിദർശ. ദേശീയ തലത്തിലെ മികച്ച പ്രകടനങ്ങളിലൂടെ പിന്നീട് ഇന്ത്യൻ ടീമിലെത്തി. 2025ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. 2028ലെ ഒളിംപിക്സിൽ മെഡൽ നേടുകയാണ് തന്റെ ലക്ഷ്യമെന്ന് വിദർശ നേരത്തെ വ്യക്തമാക്കിയിരുന്നു.















