കരുനാഗപ്പള്ളി: സ്നേഹത്തിന്റെയും കരുണയുടെയും മഹാസമുദ്രമായ അമ്മയ്‌ക്ക് ഇന്ന് 73-ാം പിറന്നാൾ. അനുഗ്രഹം തേടിയും സ്നേഹസാന്നിധ്യം അനുഭവിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ഭക്തരാൽ അമൃതപുരി ഇന്ന് ഭക്തിസാന്ദ്രമാകും. ഒരു പിറന്നാൾ ദിനത്തിനപ്പുറം, സ്നേഹവും സേവനവും പങ്കുവെച്ച് മനുഷ്യരാശിക്കായി സമർപ്പിച്ച ജീവിതത്തെ ആദരിക്കുന്ന ദിനം കൂടിയാണിത്. അമൃത വിശ്വവിദ്യാപീഠം കാമ്പസിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പ്രധാന പരിപാടികൾ നടക്കുന്നത്.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന പൊതുസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. മഠം ഏർപ്പെടുത്തിയ ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരം മുൻ ഗവർണറും അഭിഭാഷകനും എഴുത്തുകാരനുമായ പി.എസ്. ശ്രീധരൻ പിള്ളയ്‌ക്ക് അമിത് ഷാ സമ്മാനിച്ചു. തുടർന്ന് മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൽ സത്സംഗവും ഭജനയും നടന്നു. അമൃത വിദ്യാലയങ്ങളിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ഇന്ന് പുലർച്ചെ അഞ്ചിന് മഹാഗണപതി ഹോമത്തോടെയാണ് പിറന്നാൾ ദിനത്തിലെ ചടങ്ങുകൾ ആരംഭിക്കുക. രാവിലെ ഒമ്പതിന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ ശ്രീ ഗുരുപാദുകപൂജ നടക്കും. തുടർന്ന് മാതാ അമൃതാനന്ദമയീദേവിയുടെ ജന്മദിന സന്ദേശം, വിശ്വശാന്തി പ്രാർഥന, ഭജന എന്നിവയും ഉണ്ടാകും.
രാവിലെ 11ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡു, പെട്രോളിയം-പ്രകൃതിവാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമാകും.
വിശ്വസേവാദിനാചരണത്തിന്റെ ഭാഗമായി 50 കോടി രൂപയുടെ വിവിധ ജീവകാരുണ്യ പദ്ധതികൾക്കും ഇന്ന് തുടക്കമാകും. അസമിലെ പ്രളയബാധിതരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാതാ അമൃതാനന്ദമയീ മഠം നൽകുന്ന രണ്ട് കോടി രൂപയുടെ സഹായധനവും ചടങ്ങിൽ കൈമാറും.
അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സാ സഹായ പദ്ധതികൾക്കായി 20 കോടി രൂപ ചെലവഴിക്കും. മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങൾക്കും സാമ്പത്തിക സഹായം നൽകും.
തൃശൂരിലെ വെടിക്കെട്ട് ദുരന്തത്തിൽ ഏപ്രിൽ 21ന് മരിച്ചവരുടെ കുടുംബങ്ങൾക്കും സഹായം പ്രഖ്യാപിക്കും. കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ടപകടങ്ങളിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ധനസഹായം നൽകും. പ്രധാന ചടങ്ങുകൾക്ക് പിന്നാലെ സമൂഹവിവാഹവും സംഘടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനും കാർബൺ ന്യൂട്രാലിറ്റിക്കും പ്രത്യേക പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പരമാവധി പരിസ്ഥിതി സൗഹൃദ രീതിയിലാണ് പരിപാടികൾ നടത്തുന്നത്. പ്രധാന ചടങ്ങുകൾ പൂർത്തിയായ ശേഷം ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ഭക്തർക്ക് മാതാ അമൃതാനന്ദമയീദേവിയുടെ ദർശനവും പ്രസാദ വിതരണവും ഉണ്ടായിരിക്കും.















