ബൊക്കാറോ: ജാർഖണ്ഡിലെ ബൊക്കാറോയിൽ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണ 37കാരന് ദാരുണാന്ത്യം. കജ്റ മുർമു ആണ് മരിച്ചത്. മൂന്ന് ദിവസത്തെ ഫുട്ബോൾ ടൂർണമെന്റിനിടെയായിരുന്നു സംഭവം. പന്തുമായി മുന്നേറുന്നതിനിടെ എതിർതാരത്തിന്റെ സ്ലൈഡിങ് ടാക്കിളിൽ മുർമു നിലത്തുവീഴുകയായിരുന്നു. പിന്നാലെ ബോധരഹിതനായി.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ രാത്രിയോടെ മരണം സംഭവിച്ചു. ശരീരത്തിൽ പുറമേ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടർ അരവിന്ദ് കുമാർ പറഞ്ഞു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം ആവശ്യമാണ്.
മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. കജ്റ മുർമു പ്രദേശത്തെ മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായിരുന്നുവെന്ന് പ്രാദേശിക എജെഎസ്‌യു നേതാവ് രാജേഷ് വിശ്വകർമ അനുശോചിച്ചു.















