എറണാകുളം: പിറവം നെച്ചൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മണീട് വൈ.എം.സി.എപുത്തന്‍നട റോഡില്‍ ചെമ്മങ്കഴിത്താഴത്താണ് സംഭവം. സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ സ്ത്രീ സമീപിച്ചത്. പ്രദേശത്തെ വിജനമായ പൈനാപ്പിള്‍ തോട്ടത്തിന് സമീപം വെച്ച് മഞ്ഞ സാരി ധരിച്ച സ്ത്രീ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി മിഠായി വാങ്ങാനുള്ള ആവശ്യം നിരസിച്ച് മുന്നോട്ട് നടന്നു. പിന്നാലെ എത്തിയ സ്ത്രീ കുട്ടിയുടെ തലമുടിയില്‍ പിടിച്ച് വലിച്ചതായാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടി സ്ത്രീയുടെ കൈയില്‍ കടിക്കുകയായിരുന്നു. ഇതോടെ പിടിവിട്ടപ്പോള്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് ഒരാള്‍ ബൈക്കിലെത്തുകയും സ്ത്രീയെയും കൂട്ടി സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സംഭവത്തില്‍ പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ബൈക്കില്‍ കറങ്ങുന്നത് കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.















