കൊച്ചി: 65-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ കലാമാമാങ്കം നടക്കുക. പ്രധാന വേദി മറൈന്‍ ഡ്രൈവാണ്. അഞ്ച് ദിവസം നീളുന്ന കലോത്സവത്തില്‍ 27 വേദികളിലായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരായിരുന്നു വേദി. 1028 പോയിന്റുമായി കണ്ണൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കി. മുന്‍ ചാമ്പ്യന്മാരായ തൃശൂര്‍ രണ്ടാം സ്ഥാനത്തും പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി. സ്കൂള്‍ തലത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. അതേസമയം, സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 24 മുതല്‍ 29 വരെ കോഴിക്കോട്ട് നടക്കും. എന്‍ഐടി ഗ്രൗണ്ടാണ് കായികമേളയുടെ പ്രധാന വേദി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ കായികമേളയില്‍ പങ്കെടുക്കും. വിവിധ കായിക ഇനങ്ങളിലായി വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.















