തിരുവനന്തപുരം: രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. വി വി രാജേഷ്. രാജ്യത്തിനകത്തും പുറത്തും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള പ്രചാരണമാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നടത്തുന്നതെന്നായിരുന്നു രാജേഷിന്റെ ആരോപണം. അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന ആശങ്കയിലാണ് രാജ്യത്തെ സംവിധാനങ്ങള്‍ തകര്‍ന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇത് എതിര്‍ക്കപ്പെടണമെന്നും രാജേഷ് പറഞ്ഞു.
അടുത്തിടെ മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍, കഴിഞ്ഞ പത്ത് മാസത്തിനിടെ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കുന്നത് സുപ്രീംകോടതി സ്വമേധയാ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളും സിബല്‍ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും നിലപാട് വ്യക്തമാക്കണമെന്ന് വി.വി. രാജേഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് മാസത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിനുമെങ്കില്‍ വി.ഡി. സതീശന്‍ രാജിവെക്കണമെന്നും രാജേഷ് പറഞ്ഞു.
2021ലെ ഇരട്ടവോട്ട് വിവാദത്തില്‍ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ച കാര്യവും രാജേഷ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇപ്പോള്‍ അവിശ്വാസം ഉന്നയിക്കുന്ന കോണ്‍ഗ്രസ്, അതേ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജയിച്ചിട്ടുണ്ടെന്ന കാര്യവും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസക്കുറവ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും ബാധകമാണോയെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെയും രാജേഷ് വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിക്കകത്തും പുറത്തും അദ്ദേഹത്തിന് സ്വീകാര്യതയില്ലെന്നും തന്റെ കഴിവില്ലായ്മ മറയ്‌ക്കാന്‍ വിമര്‍ശനം ഉന്നയിക്കുന്ന നേതാക്കളെ മാറ്റിനിര്‍ത്തുകയാണെന്നും രാജേഷ് ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളില്‍ നിന്ന് അകന്നുപോയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ സംഘടനാ സംവിധാനവും പരിശീലനം ലഭിച്ച പ്രവര്‍ത്തകരുമാണ് അടിത്തറയെന്ന് രാജേഷ് പറഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വൈകുന്നേരം വരെ നടന്ന പരിശീലന ക്യാമ്പില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെ 150-ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു മാസത്തിനിടെ ഏകദേശം 30,000 നേതാക്കള്‍ക്ക് പരിശീലനം നല്‍കിയതായും രാജേഷ് അവകാശപ്പെട്ടു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഭരണത്തിലായാലും പ്രതിപക്ഷത്തായാലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരേ പ്രാധാന്യം നല്‍കുന്ന രീതിയാണ് ബിജെപി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമെന്നും രാജേഷ് വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നതിന്റെ കാരണങ്ങള്‍ പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് ബിജെപിയെന്നും രാജേഷ് പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് ഭരണസൗകര്യങ്ങള്‍ പാര്‍ട്ടി നേതാക്കളുടെയും കുടുംബങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സംഘടനയെ ശക്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും വി.വി. രാജേഷ് പറഞ്ഞു.















