തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുള്ള ചക്രവാതച്ചുഴി മ്യാന്‍മര്‍-ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായി വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങി വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ സജീവമാകുന്നത്. വടക്കന്‍ മ്യാന്‍മര്‍ തീരം, ബംഗ്ലാദേശ് തീരം, ഇതിനോട് ചേര്‍ന്ന വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ, ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലെ മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ സാധ്യതയുള്ളതിനാല്‍ ഏറ്റവും പുതിയ അറിയിപ്പുകള്‍ കൂടി പരിശോധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.















