മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തിന് ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ആശയങ്ങളുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത മോദി നിരന്തരം ചര്‍ച്ചകളില്‍ ഉന്നയിക്കാറുണ്ടെന്നും സമാധാനപരമായ പരിഹാരത്തില്‍ അദ്ദേഹം വലിയ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു.
വാല്‍ഡായ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്റ്. യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളില്‍ മോദി നിരന്തരം ഇടപെടുന്നുണ്ടെന്നും പ്രായോഗികമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യയുടെ നിലപാട് നിഷ്പക്ഷമാണെങ്കിലും സമാധാനപരമായ പരിഹാരത്തിനായി രാജ്യം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും പുടിന്‍ വിലയിരുത്തി.
ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള മോദിയുടെ തുടര്‍ച്ചയായ ഇടപെടലുകള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര ഇടപെടലുകളുമാണ് ആവശ്യമെന്ന നിലപാടാണ് ഇന്ത്യ തുടര്‍ന്നുവരുന്നത്.















