കൊച്ചി: കാക്കനാട്ട് എംഡിഎംഎയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസിന്റെ പിടിയില്‍. കോട്ടയം സ്വദേശി അരുണ്‍ കെ. നായരാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് 38 ഗ്രാം എംഡിഎംഎയും വില്‍പ്പനപ്പണമായ 15 ലക്ഷം രൂപയും എക്‌സൈസ് പിടികൂടി. കാക്കനാട് കേന്ദ്രീകരിച്ച് കുറച്ചുകാലമായി അരുണ്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതായാണ് എക്‌സൈസ് പറയുന്നത്. ഐടി പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരായിരുന്നു പ്രധാന ഉപഭോക്താക്കളെന്നും ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും എക്‌സൈസ് അറിയിച്ചു.
രണ്ടു ദിവസത്തെ ഇടവേളയില്‍ ഏകദേശം 500 ഗ്രാം എംഡിഎംഎ വരെ ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഒരു ഗ്രാമിന് 3,000 രൂപ നിരക്കിലായിരുന്നു വില്‍പ്പനയെന്നും എക്‌സൈസ് പറയുന്നു. അറസ്റ്റിലാകുമ്പോള്‍ 38 ഗ്രാം എംഡിഎംഎയും 15 ലക്ഷത്തോളം രൂപയുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ചെറിയ തുകകളായി കെട്ടുകളാക്കിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നതെന്നും ഇത് ചെറുകിട വില്‍പ്പന നടത്തിയിരുന്നതിന്റെ സൂചനയാണെന്നും എക്‌സൈസ് പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കോഴിക്കോട് സ്വദേശി ഉബൈദാണ് അരുണിന് ആവശ്യാനുസരണം എംഡിഎംഎ എത്തിച്ചുനല്‍കിയിരുന്നതെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. ഇയാള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. അരുണില്‍നിന്ന് ആരൊക്കെയാണ് എംഡിഎംഎ വാങ്ങിയിരുന്നത്, ലഹരിമരുന്ന് ആരില്‍നിന്നാണ് ലഭിച്ചിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് എക്‌സൈസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.















