ന്യൂഡല്‍ഹി: ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ ഒപ്പിട്ട തുറന്ന കത്ത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍, ജുഡീഷ്യറി തുടങ്ങിയ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസം ദുര്‍ബലപ്പെടുത്തുമെന്ന് കത്തില്‍ പറയുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ മൗനം പാലിക്കുന്നത് നിഷ്പക്ഷ നിലപാടല്ലെന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ നിരന്തര ആക്രമണം നേരിടുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥാപനങ്ങളെ വിമര്‍ശിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെങ്കിലും അവയെ അപകീര്‍ത്തിപ്പെടുത്തുന്നത് അതിന്റെ പരിധിയില്‍ വരില്ലെന്നാണ് മുന്‍ ജഡ്ജിമാരുടെ നിലപാട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ വ്യക്തമായ തെളിവുകളില്ലാതെ ‘കള്ളന്മാര്‍’, ‘സ്വാധീനിക്കപ്പെട്ടവര്‍’ തുടങ്ങിയ രീതിയില്‍ വിശേഷിപ്പിക്കുന്നത് ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു. ‘വോട്ട് മോഷണം’ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അവയ്‌ക്ക് പിന്തുണ നല്‍കുന്ന തെളിവുകളുമായി നിയമപരമായ മാര്‍ഗങ്ങളിലൂടെ മുന്നോട്ടുപോകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ ഭരണഘടനാപരവും നിയമപരവുമായ സംവിധാനങ്ങളിലൂടെ പരിഹരിക്കണമെന്നും മുന്‍ ജഡ്ജിമാര്‍ വ്യക്തമാക്കി.
വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി നിയമപരമായി നടത്തിവരുന്ന നടപടിയാണ് പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധന അഥവാ എസ്‌ഐആര്‍ എന്നാണ് കത്തില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് നടപടികളെ തന്നെ അസാധുവാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക അസ്ഥിരതയ്‌ക്ക് വഴിവെക്കാമെന്നും മുന്‍ ജഡ്ജിമാര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും എസ്‌ഐആര്‍ നടപടിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 42 മുന്‍ ജഡ്ജിമാരുടെ തുറന്ന കത്ത് പുറത്തുവന്നത്.















