വാഷിങ്ടൺ: 2026ലെ നൊബേൽ സമാധാന പുരസ്കാരം ഇന്ത്യൻ വംശജയും ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയുമായ നവി പിള്ളയ്ക്ക് നൽകിയതിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുരസ്കാരത്തിന് അർഹൻ താനായിരുന്നുവെന്നും സമിതിയുടെ തീരുമാനം അപമാനകരമാണെന്നും ട്രംപ് ആരോപിച്ചു. വെള്ളിയാഴ്ച ന്യൂയോർക്കിലെ സിറാക്കൂസിൽ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രതികരണം.
നൊബേൽ സമാധാന പുരസ്കാര നിർണയത്തിലെ തീരുമാനം ‘അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന്’ വിശേഷിപ്പിച്ച ട്രംപ്, പുരസ്കാരത്തിന്റെ വിശ്വാസ്യത സമിതി തന്നെ തകർത്തുവെന്നും കുറ്റപ്പെടുത്തി. തീരുമാനത്തിലൂടെ നോർവേയുടെ പ്രതിച്ഛായയിൽ മായാത്ത കളങ്കം വീണെന്നും അദ്ദേഹം പറഞ്ഞു.
നവി പിള്ളയെ വ്യക്തിപരമായി അറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രതികരണം ആരംഭിച്ചത്. പുരസ്കാരം ലഭിച്ചതിൽ അവരെ അഭിനന്ദിച്ചെങ്കിലും, അമേരിക്കയ്ക്കും തന്റെ നേതൃത്വത്തിനുമായിരുന്നു അംഗീകാരം ലഭിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം വാദിച്ചു.
“ഈ വ്യക്തിയെക്കുറിച്ച് ഞാൻ മുമ്പ് കേട്ടിട്ടില്ല. എങ്കിലും അഭിനന്ദനങ്ങൾ. എന്നാൽ, പ്രസിഡന്റ് എന്ന നിലയിൽ ഞാൻ പ്രതിനിധീകരിക്കുന്ന അമേരിക്കയ്ക്കായിരുന്നു നൊബേൽ സമാധാന പുരസ്കാരം ലഭിക്കേണ്ടിയിരുന്നത്. പക്ഷേ, അത് ലഭിച്ചില്ല,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ ചില തീവ്ര ആശയക്കാർ നൊബേൽ സമാധാന പുരസ്കാരത്തിന്റെ വിശ്വാസ്യത തകർത്തുവെന്നും ട്രംപ് ആരോപിച്ചു.
2025 ജനുവരിയിൽ വീണ്ടും വൈറ്റ് ഹൗസിലെത്തിയതിന് പിന്നാലെ നൊബേൽ സമാധാന പുരസ്കാരം ലഭിക്കണമെന്ന ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. നോർവേ ആസ്ഥാനമായ നൊബേൽ സമിതി സ്വതന്ത്രമായാണ് പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നതെന്ന് നോർവേ പ്രധാനമന്ത്രി യൊനാസ് ഗാർ സ്റ്റോറേ കഴിഞ്ഞ വർഷം ട്രംപിനോട് വിശദീകരിച്ചിരുന്നു.
വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ ട്രംപിന് നൊബേൽ മെഡൽ സമ്മാനിച്ച സംഭവവും ഇപ്പോൾ വീണ്ടും ചർച്ചയാകുന്നുണ്ട്. ജനുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് മച്ചാഡോ തന്റെ മെഡൽ ട്രംപിന് കൈമാറിയത്.















