കൊച്ചി: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി ക്രൈംബ്രാഞ്ച്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്താതിരുന്നത് കേവലം ക്ലറിക്കൽ വീഴ്ചയല്ലെന്നും ബോധപൂർവമായ നടപടിയാണെന്നുമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ പി.എസ്.സി കോടതിയെ സമീപിച്ചതിലും അന്വേഷണസംഘം സംശയം ഉന്നയിച്ചിട്ടുണ്ട്.
പി.എസ്.സി ചെയർമാനും അംഗങ്ങളും ഉൾപ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അരുൺ ജെ. പ്രതാപന്റെ പത്ത് ഉത്തരങ്ങൾ അപൂർണമാണെന്ന പരാതി പരിശോധിക്കാതിരുന്നത് ബോധപൂർവമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
പരാതിക്കാരനായ ജയലാൽ 2025 ജൂൺ 11-നാണ് ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷ നൽകിയത്. എന്നാൽ പി.എസ്.സി മറുപടി നൽകിയത് 2026 ജൂൺ 18-നാണ്. ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കുന്നതിൽ ഇത്രയും കാലതാമസം വരുത്തിയത് മനഃപൂർവമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
ഉത്തരങ്ങൾ ശരിയായി മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ പരാതിക്കാർക്ക് സമയബന്ധിതമായി പകർപ്പുകൾ ലഭ്യമാക്കാമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. കാലതാമസത്തിലൂടെ പരാതിക്കാരുടെ നിയമപരമായ അവകാശങ്ങൾ തടയാനും ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാനും ശ്രമിച്ചെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്.
അഡ്വൈസ് മെമ്മോ നൽകിയശേഷം ഒരു വർഷത്തിനുള്ളിൽ മാത്രമേ നിയമനം റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമുള്ളൂവെന്ന വാദവും റിപ്പോർട്ടിൽ ഉന്നയിച്ചതായാണ് ലഭ്യമായ വിവരം. പരീക്ഷാ രേഖകൾ നൽകുന്നതിൽ കാലതാമസം വരുത്തിയത് പരാതിക്കാർക്ക് നിയമപരമായി മുന്നോട്ടുപോകാനുള്ള അവസരം പരിമിതപ്പെടുത്താനാണെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേസിൽ നിർണായകമായേക്കും.















