നെടുമ്പാശ്ശേരി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ സുഹൈൽ സജീവ് അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി വിവരം. കടവന്ത്ര, വൈറ്റില, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലെ ബാറുകളുമായി നിന്ന് പ്രതി മദ്യപിച്ചെന്നാണ് സൂചന. ബാറുകളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അപകടസമയത്ത് സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ മറ്റ് രാസലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി 1.40 എന്നാണ് സിസിടിവിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
218 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച ദൃശ്യങ്ങൾ
സുഹൈൽ സജീവ് നേരത്തെയും അമിതവേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മണിക്കൂറിൽ 218 കിലോമീറ്റർ വരെ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുണ്ട്.
അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ സുഹൈലിനെതിരെ നരഹത്യാക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതു. അമിതവേഗതയ്‌ക്കു പുറമെ മദ്യപിച്ചുള്ള ഡ്രൈവിങ് ഉൾപ്പെടെയുള്ള സാഹചര്യങ്ങളും അന്വേഷണപരിധിയിലുണ്ട്.















