തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരുമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. കോൺഗ്രസിലേക്ക് പോകും എന്നൊക്കെ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. താനൊരു മോദി ഭക്തയാണെന്നും മോദി ആരാധന മൂർത്തിയാണെന്നും ആർ ശ്രീലേഖ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ബിജെപി വിടുമെന്നോ കോൺഗ്രസിലേക്ക് പോകുമെന്നോ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണ് ബിജെപിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി മരണംവരെ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ആരാധനാമൂർത്തിയാണ്. അദ്ദേഹത്തിന്റെ ആരാധികയാണ് താൻ. മറ്റൊരു പാർട്ടിയിലേക്ക് പോകാൻ തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രതികരിക്കുമെന്ന് അവർ നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് യൂട്യൂബ് ചാനലിലൂടെ വിശദീകരണം പങ്കുവെച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളും കൗൺസിലർ എന്ന നിലയിൽ നേരിടേണ്ടിവന്ന വെല്ലുവിളികളും തനിക്കുണ്ടായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. നഗരസഭയുടെ പരിധിയിൽ തനിക്ക് ചെയ്യാൻ കഴിയുന്ന വികസന പ്രവർത്തനങ്ങൾ പരമാവധി നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അധികാരപരിധിയും മറ്റ് പരിമിതികളും കാരണം വിമർശനങ്ങൾ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളുണ്ട്. ഇതുമൂലം മാനസിക വിഷമങ്ങളും സങ്കടങ്ങളും ഉണ്ടായിട്ടുണ്ടെന്നും അവ പങ്കുവെച്ചതിനെ രാജിവെക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കരുതെന്നും ശ്രീലേഖ വ്യക്തമാക്കി.















