ബെംഗളൂരു: ഒഡിഷയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികളെ ബെംഗളൂരുവില്‍ പൊലീസ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടിയിലധികം രൂപ വിലവരുന്ന കഞ്ചാവാണ് കുമ്പളഗോഡ് പൊലീസ് പിടിച്ചെടുത്തത്. ഇടുക്കിയിലെ കുമാരമംഗലത്തേക്ക് കഞ്ചാവ് കൊണ്ടുപോകാനായിരുന്നു പ്രതികളുടെ നീക്കമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മലയാളികളായ വിഷ്ണു, ചാന്ദ് പാഷ എന്നിവരെയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. കടത്തിന് ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 3.17 കോടി രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
ഒഡിഷയില്‍ നിന്ന് ഇന്നോവ കാറില്‍ വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഞായറാഴ്ചയാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് കമ്പിപുരയിലെ ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപം നിരീക്ഷണം ശക്തമാക്കി. തിങ്കളാഴ്ച അവിടെയെത്തിയ കാര്‍ പൊലീസ് സംഘം വളഞ്ഞ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒക്ടോബര്‍ ആറിന് ബെംഗളൂരുവിലെത്തിയ പ്രതികള്‍ ആര്‍ടി നഗറില്‍ നിന്ന് വാടകയ്ക്കെടുത്ത കാറുമായി ഒഡിഷയിലേക്ക് പോയതായാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച ബെംഗളൂരുവില്‍ തിരിച്ചെത്തിയ ഇരുവരും ബൊമ്മസാന്ദ്രയില്‍ താമസിച്ചശേഷം തിങ്കളാഴ്ച കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സൗത്ത്-വെസ്റ്റ് ഡിവിഷന് ഡിസിപി സൗമ്യലത എസ്.കെ., കെങ്കേരി എസിപി സത്യവതി കെ.എസ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍നടപടികളും. സംഭവത്തില്‍ കുമ്പളഗോഡ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഒഡിഷയില്‍നിന്ന് ആരില്‍നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും കേരളത്തില്‍ കടത്തിന് പിന്നില്‍ കൂടുതല്‍ ഇടനിലക്കാരുണ്ടോയെന്നും അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.















