ലഖ്നൗ: ഗുണ്ടാനേതാവ് ആതിഖ് അഹമ്മദും കൂട്ടാളികളും കൈയേറിയതായി കണ്ടെത്തിയ ഭൂമിയില് നിര്ധനര്ക്കായി 602 വീടുകള് നിര്മിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിലെ കസരി-മസാരി പ്രദേശത്താണ് ഭവനപദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരി എന്നാക്കി മാറ്റിയതായും സര്ക്കാര് അറിയിച്ചു. ആതിഖ് അഹമ്മദും സംഘവും ഏകദേശം 15 ബിഗാ ഭൂമി കൈയേറി കെട്ടിടങ്ങള് നിര്മിച്ചിരുന്നുവെന്നും അനധികൃത നിര്മാണങ്ങള് പൊളിച്ചുനീക്കിയശേഷം ഭൂമി തിരിച്ചുപിടിച്ചെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ഇപ്പോള് ആ ഭൂമിയില് പാവപ്പെട്ടവര്ക്കായി വീടുകള് നിര്മിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഭവനങ്ങളും ടൗണ്ഷിപ്പുകളും ശ്രീകൃഷ്ണപുരിയുടെ ഭാഗമാകുമെന്നും ഇതിലൂടെ പ്രദേശത്തിന്റെ വികസനം സാധ്യമാകുമെന്നും യോഗി പറഞ്ഞു. ജാതി-മത വ്യത്യാസമില്ലാതെ അര്ഹരായ എല്ലാ ദരിദ്രര്ക്കും ഭവനപദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാജ്വാദി പാര്ട്ടി അധികാരത്തിലെത്തുമ്പോള് മാഫിയകളെയും കുറ്റവാളികളെയും പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി സര്ക്കാര് അധികാരത്തിലെത്തുമ്പോള് വികസനവും മാറ്റവുമാണ് നടപ്പാക്കുന്നതെന്നും യോഗി വിമര്ശിച്ചു. പ്രയാഗ്രാജില് ഇനി മാഫിയ പ്രവര്ത്തനങ്ങളില് ഏര്പ്പെടാന് ആരും ധൈര്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി കൈയേറിയ ഭൂമി തിരിച്ചുപിടിച്ച് ജനങ്ങള്ക്ക് പ്രയോജനപ്പെടുന്ന പദ്ധതികള് നടപ്പാക്കുന്നതാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.















