തിരുവനന്തപുരം: സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സീറ്റ് തെറിച്ചുവീണതോടെ പുറത്തായത് മാന്തോല്. സംഭവത്തില്‍ രണ്ട് യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പില്‍ വീട്ടില്‍ ജിത്തു എന്ന ഗോകുല്‍ (31), വെങ്ങാനൂര്‍ ചരുവിള അനന്തുഭവനില്‍ അനന്തു (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.30ഓടെ കഴക്കൂട്ടംകാരോട് ദേശീയപാതയില്‍ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ഭാഗത്തായിരുന്നു സംഭവം. ഗോകുല്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിന്റെ സീറ്റ് ഊരിത്തെറിക്കുകയും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന മാന്തോല് റോഡിലേക്ക് വീഴുകയും ചെയ്തു.
അപകടസ്ഥലത്തെത്തിയ നാട്ടുകാര്‍ വിവരം കോവളം പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ മുഖത്ത് പരിക്കേറ്റ ഗോകുല്‍ അവിടെനിന്ന് രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരുത്തിപ്പള്ളി റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാന്തോലും ഗോകുലിനെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് സുഹൃത്തായ അനന്തുവിനെയും കസ്റ്റഡിയിലെടുത്തത്. ജഗതിയിലെ ഒരു വീട്ടില്‍നിന്ന് വീട്ടുപകരണങ്ങളും മറ്റ് സാധനങ്ങളും മാറ്റുന്നതിനിടെയാണ് മാന്തോല് കണ്ടതെന്നാണ് അനന്തു നല്കിയ മൊഴി. കൗതുകം തോന്നി അതെടുത്ത് സുഹൃത്തായ ഗോകുലിന്റെ സ്കൂട്ടറിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ ഇരുവരെയും വനംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍ വി. വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ വനപാലകരായ പ്രദീപ്, ജിജിമോള്‍, വിഷ്ണു, രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.















