ന്യൂഡല്‍ഹി: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഉത്തരേന്ത്യയിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരം വരെ നീട്ടാനും തീരുമാനമായതായി അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. ഡല്‍ഹി, മുംബൈ, ഗോവ, ഇന്‍ഡോര്‍, ജയ്പൂര്‍, വിശാഖപട്ടണം, ഹുബ്ബള്ളി തുടങ്ങിയ നഗരങ്ങളില്‍നിന്നും പ്രധാന സംസ്ഥാന തലസ്ഥാനങ്ങളില്നിന്നും കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളില്‍നിന്നും അധിക ട്രെയിനുകള്‍ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കും. സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയശേഷം ധന്‍ബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടുന്നതിനും അംഗീകാരം ലഭിച്ചതായി കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന പാസഞ്ചര്‍, മെമു ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടുന്നതും പരിഗണനയിലാണ്. തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനുകള്‍ക്ക് മൂന്ന് വീതം പുതിയ മെമു ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യവും പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുരുവായൂര്‍-തിരുനാവായ റെയില്‍പാതയുടെ നിര്‍മാണത്തിന് പണം തടസമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്കിയാല് മതിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി കൃഷ്ണദാസ് പറഞ്ഞു. കേരളത്തില്‍ മൂന്നും നാലും വരി റെയില്‍പാതകള്‍ക്കായുള്ള വിശദമായ പദ്ധതിരേഖയും (ഡിപിആര്‍) അലൈന്മെന്റും തയ്യാറായിട്ടുണ്ട്. പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ റെയില്‍വേ സന്നദ്ധമാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണമാണ് തടസമെന്നാണ് കൃഷ്ണദാസിന്റെ ആരോപണം. 59 ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കുന്നതിനുള്ള മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കാമെന്ന് അറിയിച്ചിട്ടും ഭൂമി ഏറ്റെടുത്ത് നല്‍കാനോ ഡിപിആര്‍ തയ്യാറാക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കേന്ദ്രമന്ത്രി പലതവണ കത്തയച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിഷേധാത്മകമാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ വിവിധ റെയില്‍വേ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനവും കേന്ദ്രമന്ത്രിക്ക് കൈമാറിയതായി കൃഷ്ണദാസ് അറിയിച്ചു.















