തൃശൂർ: ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ആമസോണിൽ നിന്ന് 8,000 രൂപയുടെ റോബോട്ടിക് വാക്വം ക്ലീനർ ഓർഡർ ചെയ്ത ഇൻഫ്ലുവൻസർക്ക് ലഭിച്ചത് മൂന്ന് ടോയ്‌ലറ്റ് ബ്രഷും രണ്ട് റെയിൻകോട്ടും. തൃശൂർ തിരൂർ സ്വദേശി അരുൺ സ്മോക്കിക്കാണ് ദുരനുഭവം ഉണ്ടായത്. ഡെലിവറി സമയത്തെ വീഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറിയിട്ടും പണം തിരികെ നൽകാൻ ആമസോൺ തയ്യാറാകുന്നില്ലെന്നാണ് അരുണിന്റെ പരാതി.
നവംബർ മൂന്നിനാണ് അരുൺ വാക്വം ക്ലീനർ ഓർഡർ ചെയ്തത്. ഗൂഗിൾ പേ വഴി പണം നൽകിയ ശേഷം സാധനം വീട്ടിലെത്തിയപ്പോൾ പെട്ടിക്ക് അസാധാരണമായി ഭാരം കുറവാണെന്ന് തോന്നി. തുടർന്ന് ഡെലിവറി ജീവനക്കാരുടെ സാന്നിധ്യത്തിൽ പെട്ടി തുറന്നുനോക്കിയപ്പോഴാണ് വാക്വം ക്ലീനറിന് പകരം മൂന്ന് ടോയ്‌ലറ്റ് ബ്രഷുകളും രണ്ട് റെയിൻകോട്ടുകളും കണ്ടെത്തിയത്.
തുടർന്ന് ആമസോൺ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും ശരിയായ ഉൽപ്പന്നം തന്നെയാണ് ഡെലിവറി ചെയ്തതെന്ന മറുപടിയാണ് ലഭിച്ചതെന്ന് അരുൺ പറയുന്നു. തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആമസോൺ തന്നെ ബ്ലോക്ക് ചെയ്തതായും പരാതിയുണ്ട്. റിട്ടേൺ, റീഫണ്ട് ഓപ്ഷനുകളും ലഭ്യമല്ലെന്നാണ് ആരോപണം.
ഉൽപ്പന്നത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നൽകിയിട്ടും റിട്ടേൺ അപേക്ഷ നിരസിക്കപ്പെട്ടു. നവംബർ 20 വരെ കാത്തിരിക്കാനാണ് അവസാനമായി അറിയിച്ചത്. എന്നാൽ പിന്നീട് പ്രതികരണമുണ്ടായില്ലെന്നും തന്റെ കോളുകൾ പോലും ബ്ലോക്ക് ചെയ്തെന്നും അരുൺ പറയുന്നു.
സെലർ കൃത്യമായ ഉൽപ്പന്നം അയച്ചുനൽകിയാലും വിതരണത്തിനിടയിൽ ജീവനക്കാർ സാധനങ്ങൾ മാറ്റുന്നതാകാം ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് അരുണിന്റെ സംശയം. സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പേർ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.















