തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
വ്യാഴാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മുന്നറിയിപ്പിന്റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
– നവംബർ 24, ചൊവ്വ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട.
– നവംബർ 25, ബുധൻ: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി നിർവചിക്കുന്നത്.
മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രത്യേക ജാഗ്രത പാലിക്കണം. കാലാവസ്ഥാ വകുപ്പിന്റെ തുടർ മുന്നറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.















