മലപ്പുറം: വ്യാജ സൗന്ദര്യവർധക ക്രീം ഉപയോഗിച്ചതിനെ തുടർന്ന് 18കാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി റെനീഷ. താൻ പ്രൊമോട്ട് ചെയ്ത ഫേസ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന വാർത്ത കേട്ട് ഞെട്ടിപ്പോയെന്ന് റെനീഷ പറഞ്ഞു. പണം ലഭിക്കാൻ വേണ്ടി എന്തും പ്രൊമോട്ട് ചെയ്യുന്ന ആളല്ല താനെന്നും ഉപയോഗിച്ച് ഫലം ബോധ്യപ്പെട്ടതിന് ശേഷമാണ് ക്രീം പ്രൊമോട്ട് ചെയ്തതെന്നും നടി വ്യക്തമാക്കി.
ഏകദേശം ഒരു വർഷം മുമ്പാണ് ക്രീമിന്റെ പ്രമോഷൻ നടത്തിയത്. സ്വന്തം ചർമത്തിൽ 14-15 ദിവസത്തിലധികം ഉപയോഗിച്ച ശേഷമാണ് പ്രമോഷൻ ചെയ്തതെന്നും റെനീഷ പറഞ്ഞു. മുഖക്കുരുവും അമിത സെൻസിറ്റിവിറ്റിയുമുള്ള ചർമമാണ് തന്റേത്. സാധാരണ ഉൽപന്നങ്ങൾ പോലും ചർമത്തിൽ പ്രതികരണമുണ്ടാക്കാറുണ്ട്. എന്നാൽ ഈ ക്രീം ഉപയോഗിച്ചപ്പോൾ മികച്ച ഫലമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രമോഷൻ ഏറ്റെടുത്തതെന്നും നടി വിശദീകരിച്ചു.
താൻ ഉപയോഗിക്കാത്ത ഒരു ഉൽപന്നവും ഇതുവരെ സോഷ്യൽ മീഡിയയിലൂടെ പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും പണം കിട്ടാൻ വേണ്ടി വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആളല്ലെന്നും റെനീഷ കൂട്ടിച്ചേർത്തു.
അതേസമയം, ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ 18കാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ക്രീമിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. ക്രീം ലഭ്യമല്ലെങ്കിൽ ഓൺലൈൻ വഴി വീണ്ടും വാങ്ങി പരിശോധനയ്‌ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെൺകുട്ടി ചികിത്സ തേടിയ ആശുപത്രിയിൽനിന്നും ആരോഗ്യവിവരങ്ങൾ ശേഖരിക്കും.
ക്രീം നിർമിച്ച കമ്പനിക്കെതിരെ അരീക്കോട് പൊലീസ് നാല് വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. നിർമ്മാണക്കമ്പനിയുടെ ഡയറക്ടർമാരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ഒരു ലക്ഷം രൂപയോളം ചികിത്സാച്ചെലവ് വന്നതായും പരാതിയിൽ പറയുന്നു.
ക്രീം പ്രൊമോട്ട് ചെയ്ത ഇൻഫ്ലുവൻസർമാരും അന്വേഷണപരിധിയിലാണ്. പണം വാങ്ങി നടത്തിയ പ്രമോഷനുകളുടെ നിയമപരമായ വശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇൻഫ്ലുവൻസർമാരുടെ പരസ്യങ്ങൾ കണ്ടാണ് നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ ക്രീം വാങ്ങി ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയും നിർദേശം നൽകിയിട്ടുണ്ട്.















