കോഴിക്കോട്: രാജ്യസ്നേഹവും ദേശീയബോധവും കേവലം മുദ്രാവാക്യങ്ങളല്ലെന്നും തലമുറകളിലേക്ക് പകർന്നുനൽകേണ്ട സംസ്കാരമാണെന്നും നടൻ മോഹൻലാൽ. രാജ്യസ്നേഹവും ദേശബോധവും അടുത്ത തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേസരി വാരികയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയാണ് തന്റെ കർമ്മമേഖലയെന്നും അഭിനയമാണ് തനിക്ക് അറിയാവുന്ന കാര്യമെന്നും മോഹൻലാൽ പറഞ്ഞു. രാജ്യസ്നേഹവും ദേശീയബോധവും പ്രമേയമായ നിരവധി സിനിമകളിൽ, പ്രത്യേകിച്ച് പട്ടാള ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി തവണ സൈനിക ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞതിനപ്പുറം രാജ്യസ്നേഹവും ദേശബോധവും നേരിട്ട് അനുഭവിച്ചറിയാൻ ഈ യാത്രകൾ സഹായിച്ചു.
നമ്മൾ സുരക്ഷിതരായി ജീവിക്കുന്നത് അതിർത്തികളിൽ സൈനികർ കാവൽ നിൽക്കുന്നതുകൊണ്ടാണ്. അവരുടെ ഹൃദയമിടിപ്പിലാണ് യഥാർഥ രാജ്യസ്നേഹം കാണാനാകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും രാജ്യസ്നേഹം പ്രമേയമാക്കുന്ന ചിത്രമാണ്. തന്റെ കർമ്മമേഖലയിലൂടെ രാജ്യസ്നേഹം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മോഹൻലാൽ വ്യക്തമാക്കി.
സിനിമയിൽ 50 വർഷം പിന്നിട്ട തനിക്ക് സാങ്കേതികവിദ്യയിലുണ്ടായ വലിയ മാറ്റങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിങ്ക് സൗണ്ട് പോലുള്ള നൂതന സാങ്കേതികവിദ്യകൾ സിനിമയിൽ വലിയ മുന്നേറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. സർഗാത്മകതയും സാങ്കേതികവിദ്യയും ഒന്നിക്കുമ്പോഴാണ് മികച്ച കലാസൃഷ്ടികൾ രൂപപ്പെടുന്നത്. രാമായണം പോലുള്ള ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്രത്തോളം മികച്ച രീതിയിൽ അവതരിപ്പിക്കാനാകുമെന്ന് നാം കണ്ടുകഴിഞ്ഞു. മാതംഗി സ്റ്റുഡിയോയിൽനിന്ന് ഇത്തരത്തിലുള്ള മികച്ച സർഗാത്മക പ്രവർത്തനങ്ങൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു, സി.എം. രാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.















