ഇടുക്കി: കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ. രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് 35 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.
ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ തിരൂർ സ്വദേശികളായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാത്രി 11.30ഓടെ കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയോരത്തുള്ള ഹോട്ടലിൽനിന്നാണ് സംഘം മന്തി കഴിച്ചത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ 37 പേർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എല്ലാവരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില ഗുരുതരമായ രണ്ടുപേരെ വിദഗ്ധ ചികിത്സയ്‌ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധന നടത്തി. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.















