കാഠ്മണ്ഡു: നേപ്പാളിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിന് പുറമെ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലാണ് പ്രകമ്പനമുണ്ടായത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലും ഭൂചലനം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി.
ചൊവ്വാഴ്ച രാവിലെയാണ് നേപ്പാളിലെ കോശി പ്രവിശ്യയിൽ ഭൂചലനമുണ്ടായത്. ലെലെപ് പ്രദേശത്തിന് സമീപമാണ് പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം പത്ത് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്നും യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) അറിയിച്ചു.
നേപ്പാളിലെ ഭൂചലനത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങി. പെട്ടെന്നുണ്ടായ പ്രകമ്പനം പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കി.
ഭൂചലനത്തെത്തുടർന്ന് ആളപായമോ കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.














