ധാക്ക: ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശിന്റെ വിജയദിനമായ ഡിസംബർ 16ന് ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് മടങ്ങാനാണ് പദ്ധതിയിടുന്നത്. ഇതിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനോട് ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനം ഒരുക്കണമെന്ന് ഹസീന ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹസീന മടങ്ങിവരാനുള്ള തീരുമാനം അറിയിച്ചത്. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് വിമാനത്തിലാണ് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും അതിനാൽ മടക്കയാത്രയ്ക്കും സർക്കാർ സൗകര്യമൊരുക്കണമെന്നും ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ യാത്രാരേഖകൾ ലഭ്യമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2024 ഓഗസ്റ്റ് അഞ്ചിന് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെത്തുടർന്നാണ് ഹസീനയ്ക്ക് അധികാരം ഒഴിയേണ്ടിവന്നത്. 15 വർഷത്തെ ഭരണത്തിന് ഇതോടെ അന്ത്യമായി. തുടർന്ന് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ നൂറുകണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി വിചാരണ ചെയ്യപ്പെട്ട ഹസീനയ്ക്ക് അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിരുന്നു. വിധി തള്ളിയ ഹസീന, ബംഗ്ലാദേശിൽ തിരിച്ചെത്തിയാൽ നിയമപോരാട്ടം നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷ
ബംഗ്ലാദേശിലേക്ക് മടങ്ങാനായി പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും (NID) ഹസീന അപേക്ഷിച്ചിരുന്നു. 2024ൽ രാജ്യം വിട്ടതിന് പിന്നാലെ ഇവരുടെ പഴയ രേഖകൾ റദ്ദാക്കിയിരുന്നു. പുതിയ രേഖകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് ഇമെയിൽ അയച്ചതായാണ് റിപ്പോർട്ട്.
1971ൽ പാകിസ്ഥാൻ സൈന്യം കീഴടങ്ങിയതിന്റെ സ്മരണയ്ക്കായാണ് ഡിസംബർ 16 ബംഗ്ലാദേശിൽ വിജയദിനമായി ആചരിക്കുന്നത്. ഈ ദിവസം തന്നെ മടങ്ങിവരാനാണ് ഹസീന ലക്ഷ്യമിടുന്നത്.














