മധുര: തിരുപ്പറൻകുണ്ഡ്രം മലമുകളിലെ കാർത്തിക ദീപം തെളിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് തമിഴ്നാട് സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് സ്വാമിനാഥനാണ് നിർണ്ണായ വിധി പുറപ്പെടുവിച്ചത്.
നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ സർക്കാരിനെ രൂക്ഷമായാണ് കോടതി വിമർശിച്ചത്. ജനങ്ങളുടെ മതസ്വാതന്ത്ര്യം തടസ്സപ്പെടുത്താനാണോ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ചോദിച്ച കോടതി, കാർത്തിക ദീപം കാണാനും മലയിൽ വലംവയ്‌ക്കാനും എത്തുന്ന ഭക്തരെ എങ്ങനെ തടയാനാകുമെന്നും ചോദിച്ചു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചത്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി നിരോധനാജ്ഞയെ കാണേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. ദീപത്തൂണിൽ തന്നെ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായാൽ ജില്ലാ കളക്ടറും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
അതേസമയം, ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുമ്പോഴും തിരുപ്പറൻകുണ്ഡ്രത്തിലേക്ക് പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. കാർത്തിക ദീപം ദർശിക്കാനും മല ചുറ്റി പ്രാർഥിക്കാനുമാണ് ഭക്തർ എത്തുന്നത്. അതിനിടെ ഭക്തരെ വഴിയിൽ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാനൂറോളം ഹിന്ദു സംഘടനാ, ബിജെപി നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.
തിരുപ്പറൻകുണ്ഡ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി ഈ വർഷത്തേക്ക് പ്രത്യേക അനുമതി നൽകിയിരുന്നു. ദീപം തെളിയിക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോൾ തമിഴ്നാട് സർക്കാരും ഭക്തരും തമ്മിലുള്ള നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുന്നത്.














