ന്യൂഡൽഹി: ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി.
ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവെടുപ്പ് നടത്താൻ അനുവദിച്ചില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയെന്നും കോടതി ചോദിച്ചു.
പൊലീസ് ആവശ്യമായ ഉറപ്പുകൾ നൽകിയിട്ടുള്ള സാഹചര്യത്തിൽ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെയാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള പ്രതിയുടെ ഹർജി തള്ളിയത്.
ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കുവേണ്ടി അഭിഭാഷകൻ ലക്ഷ്മീഷ് എസ്. കമ്മത്തും സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫും കോടതിയിൽ ഹാജരായി.














