പാലക്കാട്: തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തോക്ക് മുത്തച്ഛന്റേതാണെന്ന് വെടിയുതിർത്ത വിദ്യാർത്ഥി മൊഴി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ പറഞ്ഞു. സംഭവസമയത്ത് അധ്യാപകർ ക്ലാസ് മുറിയിൽ ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.
ഇടവേളയ്ക്ക് ശേഷം ക്ലാസ് ആരംഭിച്ച സമയത്താണ് വെടിവെപ്പുണ്ടായത്. കൊടുമുണ്ട സ്വദേശിയായ വിദ്യാർത്ഥിയാണ് റിവോൾവർ സ്കൂളിലെത്തിച്ചത്. അഞ്ചുമൂല സ്വദേശിയായ സഹപാഠിക്കാണ് വെടിയേറ്റത്. മൂന്ന് തവണ വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. രണ്ട് വെടിയുണ്ടകൾ ലക്ഷ്യത്തിൽ പതിച്ചില്ല. മൂന്നാമത്തെ വെടിയുണ്ട വിദ്യാർത്ഥിയുടെ കയ്യിൽ തറയ്ക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കയ്യിൽ തറച്ച വെടിയുണ്ട പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പോലീസ് സ്കൂളിലെത്തി പരിശോധന നടത്തി. വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിവരികയാണ്. തോക്ക് സ്കൂളിലേക്ക് കൊണ്ടുവന്ന സാഹചര്യമെന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്. പരിശോധന പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.














