കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ. ചെമ്പ്രക്കാനം സ്വദേശി വി.വി. മാധവി (72) ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും മരണവിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.
ഇന്നലെയാണ് ഹെർണിയ ശസ്ത്രക്രിയയ്ക്കായി മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 7.50ഓടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടോടെ പുറത്തുകൊണ്ടുവരുമ്പോൾ മരിച്ച നിലയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ആദ്യം ശസ്ത്രക്രിയയ്ക്കായി മാധവിയെയാണ് ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചതെന്നും പിന്നീട് ശസ്ത്രക്രിയ നടത്തിയ രോഗികളെ ബന്ധുക്കൾക്ക് കാണിച്ചെങ്കിലും മാധവിയെ കാണിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. മക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം കാണാൻ അനുവദിച്ചതെന്നും അപ്പോഴേക്കും മരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.














