തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട ഹനുമാൻ കുരങ്ങ് ഒടുവിൽ തിരിച്ചെത്തി. ഇന്നലെ രാവിലെയാണ് കുരങ്ങ് കൂട്ടിൽ നിന്ന് പുറത്തുചാടി തൊട്ടടുത്തുള്ള മരത്തിൽ കയറിയത്. അധികൃതർ നടത്തിയ വിവിധ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇന്ന് വൈകിട്ട് 4.30ഓടെ കുരങ്ങ് തനിയെ കൂട്ടിലേക്ക് മടങ്ങുകയായിരുന്നു.
കുരങ്ങിനെ തിരികെ എത്തിക്കാൻ പലവിധ ശ്രമങ്ങളും നടത്തിയിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരും ക്രെയിനുമായി സ്ഥലത്തെത്തി. മയക്കുവെടി വെക്കാനും ആലോചനയുണ്ടായിരുന്നു. ഇതിനിടെയാണ് കുരങ്ങ് സ്വമേധയാ കൂട്ടിലേക്ക് കയറിയത്.
രണ്ടുവർഷം മുമ്പും കുരങ്ങ് കൂട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് 24 ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് തിരികെ എത്തിക്കാനായത്. എന്നാൽ ഇത്തവണ കൂടുമായി പരിചയമുള്ളതിനാൽ അധികദൂരം പോകാതെ തൊട്ടടുത്ത മരത്തിൽ തന്നെ തുടരുകയായിരുന്നു. കുരങ്ങിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം കൂട്ടിൽ തന്നെ തുടരാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.














