ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി (മീസിൽസ്) വ്യാപനം രൂക്ഷമാകുന്നു. 2026ൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെയും സംശയാസ്പദ മരണങ്ങളുടെയും എണ്ണം 1,361 ആയി ഉയർന്നു. 2.59 ലക്ഷത്തിലധികം സംശയാസ്പദ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ആരോഗ്യവകുപ്പിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വാക്സിനേഷൻ സംവിധാനത്തിലെ വീഴ്ചകളും പ്രതിരോധ കുത്തിവയ്പ്പിലെ കുറവുമാണ് രോഗവ്യാപനം രൂക്ഷമാകാൻ പ്രധാന കാരണങ്ങളെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഹസീന സർക്കാർ വീണതോടെ ഇടക്കാല സർക്കാരാണ് ബംഗ്ലാദേശ് ഭരിച്ചത്. അതിനാൽ 2024-25 കാലയളവിൽ അഞ്ചാംപനി-റുബെല്ല വാക്സിനുകളുടെ ക്ഷാമം രാജ്യത്തുണ്ടായിരുന്നു. പതിവ് പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയതും പ്രത്യേക വാക്സിനേഷൻ ക്യാമ്പയിനുകൾ നടത്താത്തതും പ്രതിരോധശേഷിയില്ലാത്ത കുട്ടികളുടെ എണ്ണം വർധിപ്പിച്ചു. രോഗബാധിതരിൽ വലിയൊരു വിഭാഗം വാക്സിൻ സ്വീകരിക്കാത്തവരോ ഒരു ഡോസ് മാത്രം സ്വീകരിച്ചവരോ ആണ്.
ബംഗ്ലാദേശിലെ സാഹചര്യം ഇന്ത്യയ്‌ക്കും ആശങ്കയാകുന്നുണ്ട്. ഇരുരാജ്യങ്ങളും പങ്കിടുന്ന നീണ്ട അതിർത്തിയും ജനങ്ങളുടെ നിരന്തരമായ യാത്രകളും രോഗം അതിർത്തി കടന്ന് വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിർത്തിയോട് ചേർന്നുള്ള ജഷോർ, ചപൈനവാബ്ഗഞ്ച് മേഖലകളിലെ രോഗവ്യാപനവും ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം, ഇന്ത്യയിലെ ദേശീയ വാക്സിനേഷൻ നിരക്ക് താരതമ്യേന ഉയർന്നതാണ്. 2025ലെ WHO-UNICEF കണക്കുകൾ പ്രകാരം അഞ്ചാംപനിക്കെതിരായ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച കുട്ടികൾ 98 ശതമാനവും രണ്ടാം ഡോസ് സ്വീകരിച്ചവർ 95 ശതമാനവുമാണ്. എങ്കിലും അതിർത്തി മേഖലകളിൽ നിരീക്ഷണവും കുട്ടികളുടെ വാക്സിനേഷൻ ഉറപ്പാക്കലും നിർണായകമാണ്.
പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾ ചുവക്കുക, തുടർന്ന് മുഖത്തുനിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന ചുവന്ന പാടുകൾ എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങൾ. വൈറസ് ബാധയേറ്റതിന് ശേഷം സാധാരണയായി 10 മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രോഗബാധിതനായ ഒരാൾക്ക് ചർമത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുന്നതിന് നാല് ദിവസം മുമ്പ് മുതൽ അതിനുശേഷം നാല് ദിവസം വരെ മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ കഴിയും.
കുട്ടികൾക്ക് രണ്ട് ഡോസ് വാക്സിനും ഉറപ്പാക്കുക, രോഗലക്ഷണങ്ങൾ നിരീക്ഷിക്കുക, വാക്സിനേഷൻ ലഭിക്കാത്ത വിഭാഗങ്ങളെ കണ്ടെത്തുക എന്നിവയാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാർഗങ്ങൾ.















