മുംബൈ: 2008 നവംബര്‍ 26. രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായങ്ങളിലൊന്ന് എഴുതപ്പെട്ട ദിവസം. പാക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ ആക്രമണത്തില്‍ മുംബൈ നഗരം നടുങ്ങിയിട്ട് ഇന്ന് 18 വര്‍ഷം. 166 പേരുടെ ജീവനെടുത്ത 26/11 ഭീകരാക്രമണം ഇന്ത്യയുടെ മനസില്‍ ഇന്നും മായാത്ത മുറിവാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടം ശക്തമായി തുടരണമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം.
നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലായിരുന്നു ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. 2008 നവംബര്‍ 26ന് ആരംഭിച്ച ആക്രമണം നവംബര്‍ 29 വരെ നീണ്ടുനിന്നു. പാകിസ്താനില്‍ നിന്നെത്തിയ പത്ത് ഭീകരര്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് റാഞ്ചി കടല്‍മാര്‍ഗമാണ് മുംബൈ തീരത്തെത്തിയത്. തുടര്‍ന്ന് ഛത്രപതി ശിവജി ടെര്‍മിനസ് (സിഎസ്ടി), താജ് ഹോട്ടല്‍, ട്രിഡന്റ് ഹോട്ടല്‍, ലിയോപോള്‍ഡ് കഫേ, കാമ ആശുപത്രി, നരിമാന്‍ ഹൗസ് തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വെടിവെപ്പും സ്‌ഫോടനങ്ങളും നടത്തി. ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സുരക്ഷാസേന നടത്തിയ പോരാട്ടം രാജ്യത്തിന്റെ ധീരതയുടെ അടയാളമായി മാറി. ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ (എന്‍എസ്ജി) നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോയിലൂടെ ഭീകരരെ തുരത്താനുള്ള നിര്‍ണായക നീക്കങ്ങളുണ്ടായി. ഒടുവില്‍ അജ്മല്‍ കസബിനെ മുംബൈ പൊലീസ് ജീവനോടെ പിടികൂടി. 2012ല്‍ കസബിനെ തൂക്കിലേറ്റി. പാക് ഭീകരസംഘടനകളുടെ പങ്കും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുന്നതില്‍ കസബിന്റെ മൊഴികള്‍ നിര്‍ണായകമായി. ഡേവിഡ് ഹെഡ്‌ലി ഉള്‍പ്പെടെയുള്ളവരുടെ പങ്കും അന്വേഷണത്തില്‍ വ്യക്തമായി. കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ 2025 ഏപ്രിലില്‍ അമേരിക്ക ഇന്ത്യയ്‌ക്ക് കൈമാറുകയും ചെയ്തു.
ആക്രമണത്തെ ചെറുക്കുന്നതിനിടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മലയാളിയായ എന്‍എസ്ജി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ധീരരക്തസാക്ഷിത്വം ഇന്നും രാജ്യം അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. കസബിനെ ജീവനോടെ പിടികൂടാനുള്ള പോരാട്ടത്തിനിടെ വീരമൃത്യു വരിച്ച മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ തുക്കാറാം ഓംബ്ലെയും ഭീകരരെ നേരിടുന്നതിനിടെ കൊല്ലപ്പെട്ട ഹേമന്ത് കാര്‍ക്കറെ, അശോക് കാംതെ, വിജയ് സലാസ്‌കര്‍ എന്നിവരും രാജ്യത്തിന്റെ ധീരസ്മരണകളില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.
18 വര്‍ഷം പിന്നിടുമ്പോഴും 26/11 ഉയര്‍ത്തിയ സുരക്ഷാ വെല്ലുവിളികള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഭീകരതയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെയും രാജ്യത്തിനായി ജീവന്‍ ബലികഴിച്ച ധീരരുടെയും ഓര്‍മ പുതുക്കുകയാണ് ഇന്ത്യ ഇന്ന്.















