ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും പൈതൃകവും ഉയര്‍ത്തിക്കാട്ടി ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഭരണഘടന രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് ലഭിച്ച അമൂല്യ സമ്പത്താണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു മോദിയുടെ ആശംസാ സന്ദേശം. ഭരണഘടനയുടെ ശില്‍പ്പികള്‍ക്ക് ആദരമര്‍പ്പിക്കാനും അതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത പുതുക്കാനുമുള്ള അവസരമാണ് ഭരണഘടനാ ദിനമെന്ന് അദ്ദേഹം കുറിച്ചു.
സംസ്കൃത ശ്ലോകവും ഹിന്ദി, ഇംഗ്ലീഷ് ആശംസകളും ഉള്‍പ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റ്. ഭരണഘടനാ ദിനത്തില്‍ ഡോ. ബി.ആര്. അംബേദ്കറിനും ഭരണഘടനാ നിര്‍മാണസഭയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ബാബാസാഹേബിനെയും ഭരണഘടനാ നിര്‍മാണത്തില്‍ പങ്കുവഹിച്ച മഹദ് വ്യക്തികളെയും ഈ പുണ്യദിനത്തില്‍ വണങ്ങുന്നതായി അദ്ദേഹം വ്യക്തമാക്കി. അവര്‍ രാജ്യത്തിന് സമ്മാനിച്ച ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അമൂല്യ പൈതൃകമാണ്. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഭരണഘടന എന്നും വഴികാട്ടിയായിരിക്കുമെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു.
എല്ലാ വര്‍ഷവും നവംബര്‍ 26നാണ് രാജ്യത്ത് ഭരണഘടനാ ദിനം അഥവാ ‘സംവിധാന്‍ ദിവസ്’ ആചരിക്കുന്നത്. 1949 നവംബര്‍ 26നാണ് ഭരണഘടനാ നിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു. ഇതിന്റെ സ്മരണ പുതുക്കുന്നതിനൊപ്പം ഭരണഘടനയുടെ മൂല്യങ്ങളും തത്വങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം. 2015ലാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനിച്ചത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് പൗരന്മാരില് അവബോധം വളര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.















